തിരുവനന്തപുരം: സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി നേതൃത്വം. പുതിയ നിയമനം തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ആര്‍.മാധവനെ നിയമിച്ചതിന് തുടര്‍ച്ചയായിട്ടാണെന്നും പാര്‍ട്ടി നേതൃത്വം സൂചിപ്പിക്കുന്നു. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.
ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഒരു നേതാവിനോടും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രനേതൃത്വം വിശദീകരിച്ചു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് നേതൃത്വം സുരേഷ് ഗോപിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയാണ് അറിയിച്ചിരുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.