ന്യൂഡൽഹി∙ കൊല്ലപ്പെട്ട ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ, ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖ. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) തലവൻ ജഗ്താർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താനാണ് നിജ്ജാർ പദ്ധതിയിട്ടത്. കാനഡയിൽ മന്ദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനുപ്‌വീർ സിങ്, ദർശൻ സിങ് എന്നിവരടങ്ങിയ സംഘത്തെ നിജ്ജാർ വളർത്തിയെടുത്തു. 2015 ഡിസംബറിൽ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽവച്ച് ഇവർക്ക് ആയുധപരിശീലനവും ലഭിച്ചു.2014ൽ ഹരിയാനയിലെ സിർസയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ നിജ്ജാർ പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയിൽ എത്താൻ സാധിച്ചില്ല. അതിനാൽ മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാലെ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദേശം നൽകി.
പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘം അർഷ്ദീപ് സിങ് ഗില്ലിനൊപ്പം നിജ്ജാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖയിൽ പറയുന്നു. 2020ൽ ‘സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ’ ആരോപിക്കപ്പെട്ട അച്ഛനും മകനുമായ മനോഹർ ലാൽ അറോറയെയും ജതീന്ദർബീർ സിങ് അറോറയുടെയും വധിക്കാൻ അർഷ്ദീപിനെ നിജ്ജാർ ചുമതലപ്പെടുത്തി. 2020 നവംബർ 20നു നടന്ന ആക്രമണത്തിൽ മനോഹർ ലാൽ അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റു മരിച്ചു. പക്ഷേ മകൻ രക്ഷപ്പെട്ടു. ഇവരുടെ കൊലപാതകത്തിന് കാനഡയിൽനിന്നു നിജ്ജാർ പണം അയച്ചിരുന്നെന്ന് രേഖയിൽ പറയുന്നു.
2021ൽ ഭാർ സിങ് പുര ഗ്രാമത്തിലെ (നിജ്ജാറിന്റെ സ്വദേശം) പുരോഹിതനെ കൊലപ്പെടുത്താനും നിജ്ജാർ അർഷ്ദീപിനോട് ആവശ്യപ്പെട്ടു. എന്നൽ പുരോഹിതൻ രക്ഷപ്പെട്ടു. ഈ രീതിയിൽ കാനഡയിൽ തിരശ്ശീലയ്ക്ക് പിന്നിലിരുന്നത് പഞ്ചാബിൽ നിരവധി ഭീകരപ്രവർത്തനങ്ങൾ നടത്താൻ നിജ്ജാർ പദ്ധതിയിട്ടിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.ഹർദീപ് സിംഗ് നിജ്ജാർ 1980കൾ മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ചെറുപ്പം മുതലേ പ്രാദേശിക ഗുണ്ടകളുമായി ബന്ധമുണ്ടായിരുന്നെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖയിൽ പറയുന്നത് .1996ൽ വ്യാജ പാസ്‌പോർട്ടിൽ കാനഡയിലേക്ക് കുടിയേറുകയും ചെയ്യുകയും അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്ത നിജ്ജാർ, ആയുധ, സ്‌ഫോടക വസ്തു പരിശീലനത്തിനായാണ് പാക്കിസ്ഥാനിലേക്ക് പോയതെന്ന് അതിൽ പറയുന്നു.
പഞ്ചാബ് ജലന്തറിലെ ഭാർ സിഭ് പുര സ്വദേശിയായ ഹർദീപ് സിങ് നിജ്ജാറിനെ ഗുർനേക് സിങ് എന്നയാളാണ് ക്രിമിനിൽ കുറ്റകൃത്യങ്ങളിലേക്കു നയിച്ചതെന്ന് രേഖയിൽ പറയുന്നു. 1980കളിലും 90കളിലും ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) തീവ്രവാദികളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു, പിന്നീട് 2012 മുതൽ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) മേധാവി ജഗ്തർ സിങ് താരയുമായി അടുത്ത ബന്ധം പുലർത്തി. നിരവധി തീവ്രവാദ കേസുകളിൽ തന്റെ പേര് ഉയർന്നതിനെത്തുടർന്നാണ് 1996ൽ നിജ്ജാർ കാനഡയിലേക്ക് കുടിയേറിയത്.ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകമാണ് ഇന്ത്യ–കാനഡ ബന്ധം ഇത്രമേൽ വഷളാക്കിയത്. ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡ–യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. 2 അജ്ഞാതരാണു വെടിവച്ചതെന്നും ഹർദീപ് തൽക്ഷണം മരിച്ചെന്നുമാണു റിപ്പോർട്ട്. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെയും (എസ്എഫ്ജെ) ഭാഗമായിരുന്ന ഇയാളെ 2020ലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.