ചേര്‍ത്തല: കോടതി അവധി ദിവസം കുട്ടിയെ കൈമാറാനെത്തിയ ദമ്പതികളും ബന്ധുക്കളും കോടതിവളപ്പിൽ കൂട്ടയിടി. 22 ന് ശ്രീനാരായണ ഗുരു സമാധി ദിനത്തിലെ അവധി ദിവസത്തിൽ രാവിലെ 11 മണിയോടെയാണ് സംഭവം. വേർപിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുട്ടികളെ കൈമാറാന്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് കൂട്ടയിടിയിലെത്തിയത്. ഇരു വിഭാഗത്തെയും സത്രീകളുടെ പരാതിയെ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കുമെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു. വയലാര്‍ സ്വദേശിനിയായ കുട്ടിയുടെ മാതാവായ യുവതിയും പിതാവുമാണ് കുട്ടികളെ കൈമാറന്‍ എത്തിയത്. പട്ടണക്കാട് സ്വദേശിയായ ഭര്‍ത്താവുമായി യുവതി അകന്നു കഴിയുകയാണ്.
ഇവര്‍ തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച കേസ് ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കുട്ടികളെ ആഴ്ചയില്‍ രണ്ട് ദിവസം ഭര്‍ത്താവിനൊടൊപ്പം പോകാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതിയും പിതാവും കുട്ടികളോടൊപ്പം ചേര്‍ത്തല കോടതി വളപ്പില്‍ എത്തിയത്. കുട്ടികളെ കാറില്‍ നിന്നും ഇറക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് കയ്യാങ്കളിയിലേക്കെത്തിയത്. കോടതി അവധി ദിനമായതിനാല്‍ ജീവനക്കാരുണ്ടായിരുന്നില്ല. കുട്ടികള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ ബലം പ്രയോഗിക്കുകയും പിന്നീട് തങ്ങളെ അടിച്ചു വീഴ്ത്തുകയായിരുന്നുയെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളികളും കവലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യാേഗസ്ഥനും നാട്ടുകാരും ചേര്‍ന്നാണ് ഇരുകൂട്ടരേയും പിടിച്ചു മാറ്റിയത്. തലയ്ക്കും വയറിനും പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ജലിയുടെ പരാതിയില്‍ യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേര്‍ത്തല പൊലീസ് കേസെടുത്തു. കോടതി ഉത്തരവു ലംഘിക്കുകയും തങ്ങളെ അക്രമിക്കുകയായിരുന്നുമെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ പരാതി. ഇതില്‍ യുവതിക്കും പിതാവിനുമെതിരെ കേസെടുത്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി. വിനോദ്കുമാര്‍ പറഞ്ഞു.