കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. ഒക്ടോബർ 15നകം വിമാനത്താവള അതോറിറ്റിക്ക് ഭൂമി കൈമാറും. ഭാഗികമായി സ്ഥലം നഷ്ടമായവരുടെ പരാതികൾക്കും, റോഡ് പൂർണമായി നഷ്ടമാകുന്നതിനും ഇതുവരെ പരിഹാരമായില്ല.
വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലായി 14.5 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഉടമകളായ 80 കുടുംബങ്ങളിൽ എഴുപത്തിയെഴ് പേർ ഇതുവരെ സ്ഥലത്തിന്റെ രേഖകൾ റവന്യു ഉദ്യോഗസ്ഥർക്ക് കൈമാറി. പട്ടയമില്ലാത്തവരുടെ പ്രശ്നം കൂടി പരിഹരിച്ചാൽ വിമാനത്താവള അതോറിറ്റിക്ക് സ്ഥലം കൈമാറുന്ന നടപടിയിലേക്ക് റവന്യു വകുപ്പ് കടക്കും.
വീട് നഷ്ടപ്പെടുന്നവർക്ക് സ്ക്വയർ ഫീറ്റിന് 5000 രൂപ നൽകിയാണ് ഏറ്റെടുക്കുന്നത്. എന്നാൽ സ്ഥലത്തിന് വില പോരെന്ന പരാതി ഉടമകൾ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
ഇപ്പോൾ നഷ്ടമാകുന്ന റോഡുകൾക്ക് പകരം സംവിധാനമൊരുക്കുണമെന്നും നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു. ഭാഗികമായി സ്ഥലം നഷ്ടമാകുന്നവർക്കുള്ള നഷ്ടപരിഹാരത്തിലും തീരുമാനമായിട്ടില്ല. ഒരാഴചയ്ക്കകം പണം ഉടമകളുടെ അക്കൗണ്ടിൽ എത്തിക്കാനാണ് ശ്രമം. ഒക്ടോബർ 15നകം സ്ഥലം കൈമാറാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.