ശ്രീനഗർ: പ്രതികൂല കാലാവസ്ഥയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും കശ്മീരിലെ പോലീസും അർധ സൈനിക വിഭാഗങ്ങളും രാജ്യത്തിന്‍റെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അതീവ സുരക്ഷയുള്ള സോനാവർ ഏരിയയിലെ ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവ് ആർ.ആർ ഭട്നാഗർ അധ്യക്ഷത വഹിച്ചു.
പോലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും വിവിധ വിഭാഗങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. പരേഡിന് ശേഷം ജമ്മു കശ്മീരിലെ വൈവിധ്യമാർന്ന കലയും സംസ്കാരവും പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറിയതായും അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ പ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പങ്കിനെ അഭിനന്ദിച്ച ഭട്നാഗർ, കശ്മീരിലെ ക്രമസമാധാനപാലനത്തിനും അട്ടിമറി നീക്കങ്ങളെ ചെറുക്കുന്നതിനും സുരക്ഷാസേന നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു.