ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഒരു സർപ്രൈസ് ആയിരിക്കുമെന്നും തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി. ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കർണാടകയിൽ നിന്ന് വലിയ പാഠമാണ് കോൺഗ്രസ് പഠിച്ചതെന്നും അത് പിന്തുടരുമെന്നും രാഹുൽ വ്യക്തമാക്കി. തെലങ്കാനയിൽ കോൺഗ്രസിനാണ് വിജയസാധ്യത. മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാൻ വിജയം ഉറപ്പാണ്. ബി.ജെ.പിക്ക് ഉള്ളിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ശ്രദ്ധതിരിച്ചുവിടൽ രാഷ്ട്രീയം പയറ്റിയാണ് ബി.ജെ.പി വിജയിക്കുന്നത്. അതിന് കർണാടകയിൽ ഞങ്ങൾ അനുവദിച്ചില്ല. ബി.ജെ.പിക്ക് ഒരിടത്ത് പോലും വിശദീകരണം നൽകാൻ ഞങ്ങൾ ഇട നൽകിയില്ല. ഇപ്പോൾ ബിധുരിയും നിഷികാന്ത് ദുബെയും ചെയ്യുന്നത് എന്താണ്. ജാതി സെൻസസിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണിത്. അതാണ് ജനങ്ങൾക്ക് വേണ്ടതെന്ന് അവർക്ക് വ്യക്തമായി അറിയാം. അതിനാൽ അത് ചർച്ചയിൽ വരാതെ നോക്കുന്നു.-രാഹുൽ ഗാന്ധി പറഞ്ഞു.
ലോക്സഭയിൽ ബി.എസ്.പി എം.പി ദാനിഷ് അലിക്കെതിരെ ബി.ജെ.പി നേതാവ് രമേഷ് ബിധുരി നടത്തിയ വിദ്വേഷ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഞങ്ങളൊരു കാര്യം മുന്നോട്ട് കൊണ്ടുവരുമ്പോൾ അതിൽ ശ്രദ്ധതിരിക്കാൻ ബി.ജെ.പി തന്ത്രപരമായി നീങ്ങുന്നു. അത് ഞങ്ങൾക്ക് മനസിലായി. ഇപ്പോൾ അതിനനുസരിച്ചാണ് ഞങ്ങളും നീങ്ങുന്നത്.-രാഹുൽ പറഞ്ഞു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.