കണ്ണൂർ: സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയിൽ ജനങ്ങൾക്ക് വിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മാവിലായി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
സഹകരണ മേഖലയിലെ നിക്ഷേപത്തിലാണ് പലരുടെയും കണ്ണ്. കേരളത്തിന്റെ അഭിവൃദ്ധി സഹകരണ മേഖലയാണ് എന്ന് കണ്ടാണ് ഈ നീക്കം. സഹകരണ മേഖലയെ തകർക്കാം എന്ന് കരുതേണ്ട. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ കേരളത്തിലെ നിക്ഷേപം പുറത്തേക്ക് വലിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മോഹന വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ശ്രമിക്കണം. നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയിലേത് കള്ളപ്പണമെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കരുവന്നൂരില്‍ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ല. സഹകരണ മേഖലയുടെ മുഖത്ത് ഒന്നുമെറ്റിട്ടില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ നേതാക്കളെ എം വി ഗോവിന്ദന്‍ താക്കീത് ചെയ്തിരുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ക്കില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.