ന്യൂഡൽഹി: ബോഡർ റോഡ് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന വേളയിൽ ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ മരണാനന്തര ചെലവ് ഇനി മുതൽ സർക്കാർ വഹിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിലവിൽ അനിശ്ചിതത്വം നേരിട്ടിരുന്ന പ്രശ്‌നത്തിനാണ് ഇതോടെ പ്രതിവിധിയാകുന്നത്. ഞായറാഴ്ച സാമൂഹിക മാധ്യമമായ എക്സിലൂടെയായിരിരുന്നു (ട്വിറ്റർ) മന്ത്രിയുടെ പ്രഖ്യാപനം.
മുൻപേ കേന്ദ്ര പ്രതിരോധമന്ത്രാലയം വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബി.ആർ.ഒ) കീഴിൽ ജോലി ചെയ്യുന്ന ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സ് (ജി.ആർ.ഇ.എഫ്) വിഭാഗങ്ങൾക്ക് മാത്രമായിരുന്നു നിലവിൽ ഇതുവരെ സർക്കാർ സഹായം ലഭിച്ചിരുന്നത്. എന്നാൽ താൽക്കാലികമായി ശമ്പളം നൽകുന്ന തൊഴിലാളികൾക്ക് (സി.പി.എൽ) പുതിയ പ്രഖ്യാപന പ്രകാരം സർക്കാറിന്റെ സഹായം ലഭിക്കും. പ്രധാനമായും മൃതദേഹം വീട്ടിൽ എത്തിക്കുന്നതിനും സംസ്കാരം നടത്തുന്നതിനുമാണ് സഹായം. കൂടാതെ സി.പി.എല്ലുകളുടെ സംസ്‌കാരച്ചെലവ് 1000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്താനും ബി.ആർ.ഒ പ്രൊജക്‌ടുകളിൽ ഗവൺമെന്റ് ബോണഫൈഡ് ഡ്യൂട്ടിയിലായിരിക്കെ ഏതെങ്കിലും സി.പി.എൽ മരണപ്പെട്ടാലും ചെലവ് വഹിക്കാനും കേന്ദ്ര പ്രതിരോധ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ഇതുവരെ സർക്കാർ ചെലവിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള സൗകര്യം ജി.ആർ.ഇ.എഫ് ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു. സമാന സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സി.പി.എല്ലുകാർക്ക് ഈ സൗകര്യം നൽകിയിരുന്നില്ല. പലപ്പോഴും മരിച്ചയാളുടെ കുടുംബത്തിന് വിമാനമാർഗമോ റോഡ് മാർഗമോ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. അതിനാൽ സംസ്കാരവും അനുബന്ധ ചെലവുകളും താങ്ങാൻ കുടുംബങ്ങൾ അങ്ങേയറ്റം പ്രയാസപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മരിച്ച സി.പി.എല്ലുകളുടെ നിയമപരമായ അവകാശങ്ങൾ പോലും അവഗണിക്കുന്ന നടപടിക്ക് തടയിടുന്നതിനാണ് പ്രതിരോധമന്ത്രാലയം ലക്ഷ്യമിടുന്നത്