കളമശേരി: കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ ആധുനിക ലാബും ഗവേഷണവിഭാഗവും സജ്ജീകരിക്കാൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) ഒരുങ്ങുന്നു. ഇതിനുമുന്നോടിയായി ആർജിസിബി അഡ്വൈസർ ഡോ. ആർ അശോക് ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. പി ജി ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി. ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിലാണ് ഇവ ഒരുക്കുക. അടുത്തയാഴ്ച ആർജിസിബി ഉദ്യോഗസ്ഥരെത്തി ധാരണപത്രത്തിൽ ഒപ്പിടും.
നിലവിൽ ക്യാൻസർ സെന്ററിലില്ലാത്ത ലാബ് പരിശോധനകൾക്കായി നൂതന ഉപകരണങ്ങളോടെ 1000 ചതുരശ്രയടിയിലാണ് ലാബ് ഒരുക്കുക. അർഹരായ രോഗികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും പരിശോധന ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഡിഎൻഎ, പിസിആർ പരിശോധന, മരുന്നുഗവേഷണം തുടങ്ങിയ സൗകര്യങ്ങളോടെ 20,000 ചതുരശ്രയടിയിലാണ് ഗവേഷണവിഭാഗം ഒരുക്കുക. നാലുകോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡയറക്ടർ ഡോ. ബാലഗോപാൽ പറഞ്ഞു.