കോഴിക്കോട്: കോഴിക്കോട് നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയില്‍ പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നലെ നിരീക്ഷണത്തിലുള്ളവര്‍ 915. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ആരുമില്ലെന്നും കലക്ടര്‍ പറഞ്ഞു.
നിപ പ്രതിരോധത്തിന്റെ ഭാഗമായി പാലിക്കേണ്ട കാര്യങ്ങള്‍: വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ ഒരുക്കണം. കൈകള്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. പനി, തലവേദന, തൊണ്ട വേദന മുതലായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരെ ഒരു കാരണവശാലും സ്‌കൂളിലേക്ക് അയക്കരുത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കരുത്, ശുചിത്വം പാലിക്കണം. നിപ രോഗബാധയെ കുറിച്ചും അതിനുള്ള പ്രതിരോധത്തെ കുറിച്ചും വിദ്യാര്‍ഥികളെ ആശങ്ക ഉളവാക്കാത്ത രീതിയില്‍ പറഞ്ഞ് മനസിലാക്കണം.
നിപ കണ്ടെത്തുന്നതെങ്ങനെ?
നിപ വൈറസിനെ കണ്ടെത്താന്‍ പി.സി.ആര്‍ അല്ലെങ്കില്‍ റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനയാണ് നടത്തുന്നത്. എന്‍.ഐ.വി പൂനെയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതില്‍ നിപ വൈറസ് ജീന്‍ കണ്ടെത്തിയാല്‍ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതല്‍ 4 മണിക്കൂറാണ് സമയമെടുക്കുന്നത്. നിലവില്‍ നിപ പരിശോധനകള്‍ കൃത്യസമയത്ത് നടത്താനും പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനും സാധിക്കുന്നുണ്ട്.