ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ വിവാദ പരാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കേരള വനിത കമീഷന്‍ കേസെടുത്തതിനെ പരിഹസിച്ച് മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്. സിനിമാ നടൻ അലൻസിയർ വരെ വന്ന് വിളിച്ചുണർത്താൻ നോക്കിയിട്ടും ഉണരാത്ത വനിതാ കമീഷനാണ് സാധനം എന്ന് കേട്ടപ്പോൾ ഞെട്ടിയുണർന്നിരിക്കുന്നതെന്നും ഇരട്ടച്ചങ്കന്റെ വനിതാ കമീഷന് ഹൈസ്പീഡ് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘പൂതനയെന്ന് കേട്ടിട്ടും അഭിസാരികയെന്ന് കേട്ടിട്ടും മറ്റേ പണി എന്ന് കേട്ടിട്ടും പാലത്തായി എന്ന് കേട്ടിട്ടും വാളയാർ എന്ന് കേട്ടിട്ടും… അവസാനം സിനിമാ നടൻ അലൻസിയർ വരെ വന്ന് വിളിച്ചുണർത്താൻ നോക്കിയിട്ടും ഉണരാത്ത വനിതാ കമീഷനാണ് സാധനം എന്ന് കേട്ടപ്പോൾ ഞെട്ടിയുണർന്നിരിക്കുന്നത്. ഇരട്ടച്ചങ്കന്റെ വനിതാ കമീഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ്!’ എന്നിങ്ങനെയായിരുന്നു കുറിപ്പ്.
ഷാജിയുടെ പരാമർശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞിരുന്നു. പൊതുയോഗത്തിൽ ഒരാൾ പ്രസംഗിക്കുന്നത് എങ്ങനെ പാർട്ടി നിലപാടാകും. മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പറയുന്നത്. അതേസമയം, ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഷാജിയെ പിന്തുണച്ച് അബ്ദുറബ്ബ് രംഗത്തെത്തിയത്.
‘അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ്’ കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന അധിക്ഷേപ പരാമർശമാണ് കെ.എം.ഷാജി നടത്തിയത്. അവർ പൂര്‍ണ പരാജയമാണ്. വലിയ പ്രഗൽഭയൊന്നുമല്ലെങ്കിലും കെ.കെ. ശൈലജക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. അവരെ വെട്ടി. എന്നാൽ, നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യതയെന്താണ്. ഈ കപ്പലിന് ഒരു കപ്പിത്താനുണ്ടെന്ന പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിൽ ഉണ്ടായിട്ടുള്ളതെന്നും നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന്റെ പക്കലുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കെ.എം. ഷാജിയുടെ അധിക്ഷേപത്തിന് മറുപടിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു. നല്ല ജോലിത്തിരക്കുണ്ട്, അതിനിടയിൽ ഇതിനൊന്നും സമയമില്ലെന്നായിരുന്നു അവർ കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.