കേപ്‌ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറക്കാനാഗ്രഹിക്കുന്ന പര്യടനമാണ് ദക്ഷിണാഫ്രിക്കയില്‍ പൂര്‍ത്തിയായത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിന്‍റെ ചരിത്രത്തില്‍ കന്നി ടെസ്റ്റ് പരമ്പര നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം എന്ന വിശേഷവുമായി പറന്നിറങ്ങിയ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. പിന്നാലെ ഏകദിന പരമ്പരയും ടീം ഇന്ത്യയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയി. ഇന്ത്യന്‍ ടീം പ്രോട്ടീസില്‍ ഒരു താരത്തെ മിസ് ചെയ്തു എന്നാണ് ഇതിഹാസ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍റെ നിരീക്ഷണം. എന്നാലത് വൈറ്റ് ബോള്‍ നായകന്‍ രോഹിത് ശര്‍മ്മയല്ല.
മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരാണ് സ്റ്റെയ്‌ന്‍ പറയുന്നത്. സര്‍ രവീന്ദ്ര ജഡേജയെ പോലൊരു താരത്തെ ഇന്ത്യ ശരിക്കും മിസ് ചെയ്തു. അദേഹമൊരു വിസ്‌മയ ക്രിക്കറ്ററാണ്. ഇടംകൈയന്‍ സ്‌പിന്നും ബാറ്റും കൊണ്ട് മത്സരം നിയന്ത്രണത്തിലാക്കാന്‍ കഴിവുള്ള താരം. ഇന്ത്യക്ക് ചില ബൗളിംഗ് പ്രശ്‌നങ്ങളുണ്ടായിരുന്നു. ജസ്‌പ്രീത് ബുമ്രയെ പിന്തുണയ്‌ക്കാന്‍ 140-145 കിലോമീറ്റര്‍ വേഗതയുള്ള പേസര്‍ വേണമായിരുന്നു. ഷമി മികച്ച താരമാണ്. എന്നാല്‍ ടെസ്റ്റ് പരമ്പര ദൈര്‍ഘ്യമേറിയതായി. ഭാവി താരമെന്ന് തോന്നുന്ന മുഹമ്മദ് സിറാജിന് പരിക്കുപറ്റി’ എന്നും സ്റ്റെയ്‌ന്‍ കൂട്ടിച്ചേര്‍ത്തു.
സെഞ്ചൂറിയനില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് ജയം നേടിയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങിയത്. എന്നാല്‍ അടുത്ത രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ 2-1ന് പരമ്പര കൈവിട്ടു. ഏകദിന പരമ്പരയിലാവട്ടെ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടീമിനോട് സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. മൂന്ന് മത്സരങ്ങളും തോറ്റ് വൈറ്റ്‌വാഷ് ചെയ്യപ്പെടുകയായിരുന്നു കെ എല്‍ രാഹുലും സംഘവും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവി ഇന്ത്യക്ക് വലിയ പാഠമാണെന്നാണ് കോച്ച് രാഹുൽ ദ്രാവിഡിന്‍റെ പ്രതികരണം. എന്നാല്‍ നായകന്‍ കെ എല്‍ രാഹുലിന് പരസ്യ പിന്തുണ നല്‍കുന്നു ഇതിഹാസ താരം.
വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളുടെയും ടി20കളുടേയും പരമ്പരയാണ് ഇന്ത്യന്‍ ടീമിനെ അടുത്തതായി കാത്തിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തും. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ശാരീരികക്ഷമതാ പരിശോധനയിൽ ഹിറ്റ്‌മാന്‍ വിജയിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയും വിന്‍ഡീസിനെതിരായ പരമ്പരയില്‍ തിരിച്ചെത്തും എന്നാണ് കരുതപ്പെടുന്നത്. അഹമ്മദാബാദില്‍ ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളും ഇതേ ഗ്രൗണ്ടില്‍ നടക്കും. 16 ആരംഭിക്കുന്ന ടി20 പരമ്പര കൊല്‍ക്കത്തയിലാണ്.