ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 116-7, ശ്രീലങ്ക 20 ഓവറില്‍ 97-8. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്. ഇന്ത്യ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് തുടക്കത്തില്‍ തകര്‍ത്തടിച്ചാണ് ലങ്ക തുടങ്ങിയത്. ദീപ്തി ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ലങ്ക 12 റണ്‍സടിച്ച് ഞെട്ടിച്ചെങ്കിലും രണ്ടാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത പൂജ വസ്ട്രക്കര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മൂന്നാം ഓവറില്‍ സഞ്ജീവനിയെ(1) പുറത്താക്കിയ ടിറ്റാസ് സാധുവാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അതേ ഓവറില്‍ വിഷമി ഗുണരത്നെയെ(0) കൂടി മടക്കി ടിറ്റാസ് ലങ്കക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.