ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിന്റെ പുതിയ എപ്പിസോഡിൽ ജർമ്മൻ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനെ കുറിച്ച് പരാമർശം. കസാന്ദ്രയുടെ ഇന്ത്യൻ സംഗീതത്തോടും സംസ്‌കാരത്തോടുമുള്ള അഭിനിവേശത്തെ മോദി അഭിനന്ദിച്ചു. ഇന്ത്യൻ സംസ്കാരവും ഇന്ത്യൻ സംഗീതവും ഇപ്പോൾ ആഗോളമാണ്. ലോകമെമ്പാടുമുള്ള ആളുകൾ അവയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. കസാന്ദ്ര മേ ആലപിച്ച ഇന്ത്യൻ ഗാനം പ്രധാനമന്ത്രി പ്ലേ ചെയ്തു. ഇത്രയും ശ്രുതിമധുരമായ ശബ്ദം. ഓരോ വാക്കും വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദൈവത്തോടുള്ള അവളുടെ അടുപ്പം നമുക്കും അനുഭവിക്കാൻ കഴിയും. ഈ ശബ്ദം ജർമ്മനിയിൽ നിന്നുള്ള ഒരുഗായികയുടേതാണെന്ന് അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. അവളുടെ പേര് കസാന്ദ്ര. 21 വയസ്സുള്ള കസാന്ദ്ര ഇൻസ്റ്റാഗ്രാമിൽ വളരെ പ്രശസ്തയാണ്. ജർമ്മൻ സ്വദേശിയായ കസാന്ദ്ര ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ല. അവർക്ക് ഇന്ത്യൻ സംഗീതത്തോട് അതിയായ ഇഷ്ടമാണെന്നും ഗാനാവതരണത്തിന് ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.