ഈ മാസം പുറത്തിറങ്ങിയ പുതിയ ഐഫോൺ 15ന്റെ ക്യാമറയെ പുകഴ്ത്തി എക്സ് തലവൻ എലോൺ മസ്ക്. ഗുണനിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ കഴിയുമെന്നതിനാൽ താനും ഐഫോണ്‍ 15 വാങ്ങാന്‍ പോവുകയാണെന്ന് അദ്ദേഹം എക്സില്‍ തന്നെയാണ് കുറിച്ചത്. കഴിഞ്ഞ ദിവസം ആപ്പിള്‍ തലവൻ ടിം കുക്ക്, ഐഫോൺ 15 ന്റെ ക്യാമറയെ പുകഴ്ത്തി എക്സിൽ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. റോഡ് ഐലൻഡിന്റെ വേനൽക്കാലത്തിന്റെ മനോഹരമായ സൗന്ദര്യം മുതൽ യൂട്ടായിലെ മരുഭൂമികളുടെ വരെയു ദൃശ്യഭംഗി പകര്‍ത്തിയ ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരായ സ്റ്റീഫൻ വിൽക്‌സിന്റെയും റൂബൻ വുവിന്റെയും ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ഐഫോൺ ഫോട്ടോകളുടെയും വീഡിയോകളുടെയും അവിശ്വസനീയമായ ഗുണനിലവാരത്തെ പുകഴ്ത്തി മസ്‌ക് രംഗത്തെത്തിയത്.
താനും ഐഫോണ്‍ വാങ്ങുകയാണെന്ന് മസ്‍ക് പ്രഖ്യാപിച്ചതോടെ അദ്ദേഹം തെരഞ്ഞെടുക്കുന്ന മോഡലിനെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പിന്നീടുണ്ടായ ചര്‍ച്ചകളെല്ലാം. പലവിധ ഊഹാപോഹങ്ങളാണ് മസ്ക് വാങ്ങാന്‍ പോകുന്ന ഫോണിനെക്കുറിച്ചും ആളുകള്‍ പ്രചരിപ്പിക്കുന്നത്. ഏത് മോഡലും കളറും തെരഞ്ഞെടുക്കുമെന്ന കൗതുകം കൊണ്ട് നിരവധിപ്പേര്‍ അദ്ദേഹത്തോട് നേരിട്ട് ആരായുന്നുമുണ്ട്. അല്‍പം പരിഹാസ ചുവയോടെയുള്ള കമന്റുകളും നിരവധി. ഐഫോണിന്റെ പരസ്യ പ്രചരണവും മസ്ക് ഏറ്റെടുത്തോ എന്ന് ചോദിക്കുന്നവരുമുണ്ട്.
പുറത്തിറങ്ങിയ ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ഐഫോൺ 15 സീരീസ് വിപണിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ ഉൾക്കൊള്ളുന്ന ഈ ലൈനപ്പ് വിവിധ സ്റ്റോറേജ് കപ്പാസിറ്റികളും നിറങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഔദ്യോഗികമായി ഐഫോണിന്റെ വില്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ബേസിക്ക് 128 ജിബിയുള്ള ഐഫോൺ 15 ന് 79,900 രൂപയും 256 ജിബി മോഡൽ 89,900 രൂപയുമാണ് വില. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില.128 ജിബിയുള്ള ഐഫോൺ 15 പ്ലസിന് 89,900 രൂപയും 256 ജിബി വേരിയന്റിന് 99,900 രൂപയും ഈടാക്കും. ഈ ഐഫോണിന്റെ 512 ജിബി മോഡലുമുണ്ട്. ഇത് 1,19,900 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയും 256 ജിബി വേരിയന്റിന് 1,44,900 രൂപയുമാണ് വില.
https://x.com/tim_cook/status/1705038087284518937?s=20
https://x.com/tim_cook/status/1705258046681686288?s=20