ബെംഗളൂരു: കാവേരി നദീജലത്തർക്കത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ബെംഗളുരുവിൽ നടക്കുന്ന ബന്ദ് ഭാഗികം. ബന്ദ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ന് ബസ്, ഓട്ടോ സർവീസുകൾ മുടങ്ങിയില്ല. അതേ സമയം ഇന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. നഗരത്തിൽ താരതമ്യേന തിരക്ക് കുറവാണ്. എയർപോർട്ട് സർവീസുകളെയാണ് ബന്ദ് ബാധിച്ചത്. എയർപോർട്ട് ടാക്സികൾ സർവീസ് നടത്തുന്നില്ല. വായുവജ്ര എന്ന ബിഎംടിസി എസി ലോ ഫ്ലോർ ബസ്സുകളും കുറവായിരുന്നു. പുലർച്ചെ എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. മണ്ഡ്യയിലും രാമനഗരയിലും കർഷകസംഘടനകളുടെ നേതൃകത്വത്തിൽ പ്രതിഷേധം നടന്നു. ചില സ്ഥലങ്ങളിൽ സ്റ്റാലിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.