തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം പി.ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റ് മുൻ മന്ത്രി എ.സി മൊയ്തീന്‍റെ അറസ്റ്റിന് തുല്യമെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അനിൽ അക്കര. അരവിന്ദാക്ഷന്‍ മൊയ്തീന്‍റെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന ആളാണെന്നും അനിൽ അക്കര പറഞ്ഞു.കരുവന്നൂർ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ അരവിന്ദാക്ഷനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്തിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഒരു സി.പി.എം നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത് ആദ്യമായാണ്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് പി.ആർ അരവിന്ദാക്ഷൻ. സതീഷ് കുമാർ, പി.പി കിരൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് പി.ആർ അരവിന്ദാക്ഷൻ. സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ രേഖകളും സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അരവിന്ദാക്ഷനെ ഏഴു ദിവസത്തോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
സതീഷ് കുമാറിനൊപ്പം നിന്നിരുന്ന ജിജോറിന്‍റെ മൊഴിയും കേസിൽ നിർണായകമായി. കരുവന്നൂർ ബാങ്കിൽ നിന്ന് മൂന്ന് കോടിയോളം രൂപ സതീഷ് കുമാർ കൈപ്പറ്റിയത് അരവിന്ദാക്ഷൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു. പണം മൂന്നു ബാഗുകളിലായാണ് കൊണ്ടു പോയതെന്ന മൊഴിയും ഇ.ഡിക്ക് ലഭിച്ചിരുന്നു.
കള്ളപ്പണ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന ആരോപണം ഉന്നയിച്ച് അരവിന്ദാക്ഷൻ രംഗത്തു വരുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.