തിരുവനന്തപുരം> ധനകാര്യ ചുമതലകൾ നിറവേറ്റുന്ന സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ കരുത്താണ് സഹകരണ പ്രസ്ഥാനം. അതിനെ തകർക്കുകവഴി കേരളത്തെ തകർക്കാനാണ് നോട്ടം. കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള വികസനവും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്ന കേന്ദ്ര ഏജൻസികൾ അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യപടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം പകൽപോലെ വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കൽ പണി സഹാരണ ബാങ്കുകൾക്കില്ല. നിക്ഷേപകന്റെ കെവൈസി വിവരങ്ങൾമാത്രം സഹകരണ ബാങ്കുകൾ ഉറപ്പാക്കേണ്ടതുണ്ട്. നിക്ഷേപ തുകയുടെ സ്രോതസ് അന്വേഷിക്കാനുള്ള അധികാരമില്ല. വിവരങ്ങൾ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ് കള്ളപ്പണം തെരയാൻ എന്നപേരിൽ സഹകരണ ബാങ്കുകളിലേക്ക് കടന്നുകയറുന്നത്. രാജ്യത്തെ കള്ളപ്പണം ഇടപാടുകളെല്ലാം വാണിജ്യ ബാങ്കുകളിലൂടെയാണ് നടക്കുന്നതെന്ന യാഥാർഥ്യം വിവിധ സ്വതന്ത്ര ഏജൻസികൾ പുറത്തുകൊണ്ടുവന്നു. രാജ്യത്തിനുപുറത്തേയ്‌ക്കുപോകുന്ന ഈ കള്ളപ്പണം വെളുത്ത പണമാക്കി മൗറീഷ്യസിലേയും മറ്റും ബാങ്കുകളിലൂടെ അദാനിമാരുടെ കമ്പനികളിലെത്തുന്നു. ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര ഭരണാധികാരികൾക്കോ ഏജൻസികൾക്കോ വേവലാതിയില്ല.
കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്നതിൽ മാത്രമാണ് ശ്രദ്ധ. ഇത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്. കേരള ബാങ്കിനെ പ്രവാസി നിക്ഷേപം സ്വീകരിക്കാൻ അനുവാദമുള്ള ബാങ്കാക്കി മാറ്റുക എന്നതടക്കം സഹകരണ മേഖലയുടെ ശാക്തീകരണത്തിനും നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള വിവിധ നടപടികൾ സംസ്ഥാനം സ്വീകരിച്ചുവരുന്നു. നിക്ഷേപം സുരക്ഷിതമാണെന്ന വിശ്വാസമാണ് പ്രധാനം. തങ്ങളുടെ മിച്ചധനം നാടിന്റെ ആവശ്യങ്ങൾക്കുതന്നെ വിനിയോഗിക്കുന്നവെന്നതും പ്രധാനമാണ്. അതെല്ലാം മനസിലാക്കിയാണ് ദശലക്ഷണക്കിന് നിക്ഷേപകർ തങ്ങളുടെ മിച്ചം സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നത്. ഊ വിശ്വാസം ഇല്ലാതാക്കാനാകുമോ എന്നതാണ് നോട്ടമെന്നും തോമസ് ഐസക് പറഞ്ഞു.
യുണിയൻ ജനറൽ സെക്രട്ടറി എസ് അരുൺബോസ്, സെക്രട്ടറി പി എസ് സംഗീത, സംസ്ഥാന കമ്മിറ്റി അംഗം ജെ ശ്രീകണ്‌ഠൻ, കെഎസ്‌എഫ്‌ഇ സ്‌റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്‌ണപിള്ള എന്നിവർ സംസാരിച്ചു.