അട്ടപ്പാടി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും മധുവിന്റെ സഹോദരി സരസു ആരോപിച്ചു. മധുവിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ക്ക് പണം വാഗ്ദാനം നല്കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മധുവിന്റെ സഹോദരി പറയുന്നത്. കൂറുമാറിയാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ പ്രധാന സാക്ഷിയെ സമീപിച്ചിരുന്നെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ സാക്ഷി അതിന് തയ്യാറായില്ല. ‘ഒരിക്കല്‍ മുഖംമൂടി ധരിച്ച രണ്ടു പേര് വീട്ടിലെത്തി’. കേസില്‍ നിന്നും പിന്മാറാണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സരസു പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉള്ളതായി സംശയമുണ്ട്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം. അതേസമയം പബ്ലിക് പ്രോസിക്യൂട്ടറെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കുടുംബം വ്യക്തമാക്കി.