ന്യൂഡൽഹി: ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്’–- ശുപാർശയിൽ കേന്ദ്ര നിയമ കമീഷൻ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് നടത്താമെന്നാണ് നിയമകമീഷൻ നിലപാടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.ഈ വർഷംമുതൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പെന്ന ലക്ഷ്യം യാഥാർഥ്യമാകുകയുള്ളുവെന്നും നിയമകമീഷൻ ശുപാർശ ചെയ്യും. 2029നുമുമ്പ് കാലാവധി അവസാനിക്കുന്ന സർക്കാരുകൾക്ക് 2029 വരെ കാലാവധി നീട്ടിക്കൊടുക്കാമെന്ന നിർദേശവും നിയമകമീഷൻ നൽകിയേക്കും. ജസ്റ്റിസ് ഋതുരാജ് ആവസ്‌തി അധ്യക്ഷനായ നിയമകമീഷൻ ഈ വിഷയത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് ഉടൻ കൈമാറിയേക്കും.