റായ്പുര്‍ : 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കി ചുരുക്കിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ‘സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിനമാക്കുന്നു. പെന്‍ഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കും’- അദ്ദേഹം ട്വീറ്റ് ചെയ്തു. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടത്തുന്ന ചെറുകിട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു നിയമസാധുത നല്‍കുന്ന നിയമനിര്‍മാണവും സര്‍ക്കാര്‍ അവതരിപ്പിക്കും. സ്വകാര്യ ഭൂമിയിലെ എല്ലാ ക്രമരഹിതമായ നിര്‍മാണങ്ങളും പൊതു സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ക്രമപ്പെടുത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഗതാഗത സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വന്‍തോതില്‍ ഗതാഗത സൗകര്യ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലേണിങ് ഡ്രൈവേഴ്സ് ലൈസന്‍സ് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും വനിതാ സുരക്ഷാ സെല്ലുകള്‍ സ്ഥാപിക്കും. ഛത്തീസ്ഗഡ് നിബിഡ വനങ്ങളുള്ള സംസ്ഥാനമായതിനാല്‍ ഭൂരിഭാഗം ആദിവാസികളുടെയും ഉപജീവനമാര്‍ഗം വനങ്ങളെ ആശ്രയിച്ചാണ്. അതിനാല്‍ അവര്‍ക്കായുള്ള നിയമങ്ങള്‍ ലളിതമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.