തിരുവനന്തപുരം: പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന പരാതി തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. അഖിൽ മാത്യ പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും ആണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പൊലീസിൽ പരാതി നൽകാനാണ് പ്രൈവറ്റ് സെക്രട്ടറിയോട് പറഞ്ഞത്. എൻ.എച്ച്.എം ഡോക്ടർ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുത വിരുദ്ധമാണ്. പേഴ്സനൽ സ്റ്റാഫ് അസിസ്റ്റന്റ് അഖിൽ മാത്യു തന്റെ ബന്ധുവല്ല. ആർക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും പൊലീസ് ഇത് ശാസ്ത്രീയമായി അന്വേഷിക്കുമെന്നും കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വീണ ജോർജ് പറഞ്ഞു.
നിയമനത്തിന് പണം വാങ്ങിയെന്ന പരാതിയിൽ പേഴ്സനൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടിയിരുന്നു. വസ്തുതകൾ നിരത്തി അദ്ദേഹം മറുപടി നൽകി. അഴിമതി ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഇതു സംബന്ധിച്ച് സെപ്റ്റംബർ 13നാണ് പരാതി ലഭിക്കുന്നത്. നിപ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആ സമയത്ത് കോഴിക്കോട് ആയിരുന്നു. അതിനിടയിലും പേഴ്സനൽ സ്റ്റാഫിനോട് വിശദീകരണം തേടുകയായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. സെപ്റ്റംബർ 20ന് മുഖ്യമന്ത്രിയുടെ ഓഫിസിനെയും വിവരം അറിയിച്ചിട്ടുണ്ട്. പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്.
വകുപ്പിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി താൻ പൂഴ്ത്തിവെച്ചിട്ടില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിയമനടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിന് പണം നൽകിയെന്ന് കാണിച്ച് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്.