തിരുവനന്തപുരം ∙ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു സർക്കാർ പ്രവൃത്തികളുടെ ടെൻഡറിൽ സാമ്പത്തിക മുൻഗണന ലഭിക്കാനിടയാക്കിയ തീരുമാനം സഹകരണവകുപ്പ് എടുത്തത് 1997 നവംബറിൽ പിണറായി വിജയൻ സഹകരണമന്ത്രിയായിരിക്കെ. ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കു ബാധകമായ ഉത്തരവുകളെല്ലാം മരവിപ്പിച്ച് അന്നു പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെയാണ് ഊരാളുങ്കൽ ഉൾപ്പെടെ സൊസൈറ്റികൾക്കു പ്രവൃത്തി ഏറ്റെടുക്കാനുള്ള പരിധി ഉയർത്തിയതും പൊതുമരാമത്തുപ്രവൃത്തികളിൽ സാമ്പത്തിക മുൻഗണന നൽകിയതും. ഊരാളുങ്കലിന് അനുകൂലമായി മാറിയ മറ്റു പ്രധാനഉത്തരവുകൾ ഇറങ്ങിയതും പിന്നീടുള്ള ഇടതുസർക്കാരുകളുടെ കാലത്താണ്.
ലേബർ കോൺട്രാക്ട് സൊസൈറ്റികൾ കൂടി പങ്കെടുക്കുന്ന പൊതുമരാമത്ത് ടെൻഡറിൽ വ്യക്തിയോ കമ്പനിയോ കുറഞ്ഞ തുക ക്വോട്ട് ചെയ്താൽ സൊസൈറ്റിയുമായി വിലപേശൽ നടത്തി വേണം ടെൻഡർ ഉറപ്പിക്കാൻ എന്നതായിരുന്നു 1997ലെ ഉത്തരവ്. ക്വോട്ട് ചെയ്യപ്പെട്ട കുറഞ്ഞ തുകയെക്കാൾ 10% ഉയർന്ന തുകയ്ക്കു പ്രവൃത്തി ചെയ്യാൻ സമ്മതമറിയിച്ചാൽ സൊസൈറ്റിക്കു ടെൻഡർ നൽകണമെന്ന് ഉത്തരവിൽ വ്യവസ്ഥ ചെയ്തു. അന്നുമുതലാണ് ഊരാളുങ്കലിനു സാമ്പത്തിക മുൻഗണന ലഭിച്ചുതുടങ്ങിയത്. ഇതു പൊതുമരാമത്തു മാന്വലിനു വിരുദ്ധമാണെന്നും മറ്റു കരാറുകാരോടുള്ള അനീതിയാണെന്നും പൊതുമരാമത്തുവകുപ്പ് പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
എത്ര വലിയ എസ്റ്റിമേറ്റ് തുകയുള്ള പ്രവൃത്തിയും ഏറ്റെടുക്കാൻ ഊരാളുങ്കലിന് അനുമതി നൽകി ഉത്തരവിട്ടതു 2008 ഓഗസ്റ്റിൽ വിഎസ് സർക്കാരിന്റെ കാലത്താണ്. ഊരാളുങ്കൽ സൊസൈറ്റിയുടെ പേരെടുത്തുപറഞ്ഞായിരുന്നു സഹകരണവകുപ്പിന്റെ ഉത്തരവ്.
പൊതുമരാമത്തുവകുപ്പിന്റെ മാത്രമല്ല, എല്ലാ സർക്കാർ പ്രവൃത്തികളുടെയും കരാറെടുക്കാൻ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് അനുമതി നൽകിയതു 2020 ഫെബ്രുവരിയിൽ ഒന്നാം പിണറായി സർക്കാരാണ്. ചെറിയ കെട്ടിടങ്ങൾ, റോഡുകൾ, അറ്റകുറ്റപ്പണികൾ എന്നിവ ഏറ്റെടുക്കാനായിരുന്നു 2020 വരെ ഊരാളുങ്കലിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഇവരുടെ അപേക്ഷ പരിഗണിച്ച് എത്ര വലിയ പ്രവൃത്തിയും ഏറ്റെടുക്കാൻ 2020 നവംബറിൽ സഹകരണവകുപ്പ് അനുമതി നൽകി. ടെൻഡർ സമയത്തു യോഗ്യത (എലിജിബിലിറ്റി) സർട്ടിഫിക്കറ്റ്, ഏറ്റെടുത്ത പ്രവൃത്തികളുടെ (വർക്ക് ഓൺ ഹാൻഡ്) സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിൽനിന്ന് ഊരാളുങ്കലിനെമാത്രം ഒഴിവാക്കി ഉത്തരവിറക്കിയതു കഴിഞ്ഞ ഏപ്രിലിലാണ്.