സ്കിൻ സംബന്ധമായ പ്രശ്നങ്ങളില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുഖക്കുരു. സാധാരണഗതിയില്‍ കൗമാരക്കാരിലാണ് ഏറെയും മുഖക്കുരു ഒരു പ്രശ്നമായി വരാറ്. കാര്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്ന പ്രായമായതിനാലാണ് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാകുന്നത്.
എന്നാല്‍ ആ പ്രായത്തിനപ്പുറവും പലരിലും മുഖക്കുരു കാണാറുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളും ആകാം. ഇപ്പറഞ്ഞതുപോലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ചില അസുഖങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം, പൊടി- ശുചിത്വമില്ലായ്മ, കോസ്മെറ്റിക്സിലെ രാസപദാര്‍ത്ഥങ്ങള്‍, സ്ട്രെസ് എന്നിങ്ങനെ പല കാരണങ്ങളും മുഖക്കുരുവിലേക്ക് നയിക്കാം.
എന്തായാലും കാരണം മനസിലാക്കിയെങ്കില്‍ മാത്രമേ ഇത് പരിഹരിക്കാനും സാധിക്കൂ. ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരുവിന് പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു ‘ഹെല്‍ത്തി’ പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സ്കിൻ സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന് ചര്‍മ്മത്തില്‍ കൂടുതല്‍ കൊളാജൻ വരണം. ഇത് കൂടുതലായി കാണുന്നൊരു പാനീയമാണ് നാം തയ്യാറാക്കുന്നത്. അതിന് പുറമെ ചര്‍മ്മത്തിനെ വൃത്തിയാക്കാനും ഭംഗിയാക്കാനും സഹായിക്കുന്ന വൈറ്റമിൻ എ കൂടി ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നു. മല്ലി, പനിനിര്‍ പൂവിതളുകള്‍, കറിവേപ്പില എന്നിവയാണ് ഈ പാനീയം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകള്‍. മല്ലിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും മറ്റ് ചില ചര്‍മ്മത്തിലെ പാടുകളും അഴുക്കും നീക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ കോശങ്ങളില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനും മല്ലി പ്രയോജനപ്രദമാണ്.
പനിനീര്‍ പൂവിതളുകളാകട്ടെ, വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്പന്നമാണ്. ഇവയാകട്ടെ ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും വേണ്ട ഘടകങ്ങളുമാണ്. കറിവേപ്പില ചര്‍മ്മത്തെ ബാധിക്കുന്ന അണുബാധകളോ മറ്റ് ചെറിയ കേടുപാടുകളോ പ്രതിരോധിക്കുന്നതിന് സഹായകമാണ്. കൂടാതെ വൈറ്റമിനുകളുടെ സ്രോതസും. ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നത് എന്നറിയാം. വളരെ ലളിതമാണ് ഇത് ചെയ്യാൻ. മൂന്ന് ചേരുവകളും കൂടി ഒന്നിച്ചിട്ട് അല്‍പം വെള്ളം തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചതിന് ശേഷം വാങ്ങിയെടുത്ത് അരിച്ച് വെള്ളം മാത്രം മാറ്റിയെടുക്കണം. ഇതാണ് കുടിക്കേണ്ടത്.