ബ്രിഡ്ജ്ടൗൺ : ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം. റൺമഴ പെയ്ത മത്സരത്തിൽ 20 റൺസിനാണ് വിൻഡീസ് ഇംഗ്ലണ്ടിനെ തകർത്തത്. സെഞ്ചുറി നേടിയ റോവ്മാൻ പവലാണ് വെസ്റ്റ് ഇൻഡീസിന്റെ വിജയശിൽപ്പി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 225 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റിന് 204 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് 2-1 ന് മുന്നിലെത്തി. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ അഞ്ചിന് 224. ഇംഗ്ലണ്ട് 20 ഓവറിൽ ഒൻപതിന് 204. ടോസ് നേടി വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് നായകൻ മോയിൻ അലിയുടെ തീരുമാനം പരാജയപ്പെട്ടു. തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് വിൻഡീസ് അനായാസം ബാറ്റിങ് തുടർന്നു. 48 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണ വിൻഡീസിനെ നാലാമനായി ഇറങ്ങിയ പവൽ രക്ഷിക്കുകയായിരുന്നു.
നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് പവൽ തകർത്തടിച്ചു. വെറും 53 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും പത്ത് സിക്സിന്റെയും അകമ്പടിയോടെ പവൽ 107 റൺസെടുത്തു. 19-ാം ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്. 43 പന്തുകളിൽ നിന്ന് നാല് ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 70 റൺസെടുത്ത നിക്കോളാസ് പുരാനും മികച്ച പ്രകടനം പുറത്തെടുത്തു. പുരാനും പവലും ചേർന്ന് 122 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇംഗ്ലണ്ടിന്റെ എല്ലാ ബൗളർമാരും കണക്കിന് തല്ലുവാങ്ങിക്കൂട്ടി. 225 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർ ടോം ബാന്റണും ഫിൽ സാൾട്ടും മാത്രമാണ് പിടിച്ചുനിന്നത്.
ബാന്റൺ 39 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്സിന്റെയും അകമ്പടിയോടെ 73 റൺസെടുത്തപ്പോൾ സാൾട്ട് 24 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 57 റൺസെടുത്തു. ബാറ്റ് ബാറ്റർമാർക്കൊന്നും വേണ്ടത്ര മികവ് പുലർത്താനായില്ല. വെസ്റ്റ് ഇൻഡീസിനായി റൊമാരിയോ ഷെപ്പേർഡ് മൂന്ന് വിക്കറ്റെടുത്തപ്പോൾ കീറൺ പൊള്ളാർഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടി തിളങ്ങിയ പവലാണ് മത്സരത്തിലെ താരം.