തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളിലേക്കിറങ്ങാൻ സിപിഎം തീരുമാനിച്ചു. നിക്ഷേപം സ്വീകരിക്കുന്ന പ്രവൃത്തികൾക്ക് സിപിഎം നേതാക്കൾ തന്നെ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ – സംസ്ഥാന നേതാക്കൾ നേരിൽ കണ്ട് പണം മടക്കി നൽകുമെന്ന് ഉറപ്പു നൽകും. കരുവന്നൂർ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ റിപ്പോർട്ടിങ്ങിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.കരുവന്നൂരിലെ പിഴവ് ഗുരുതരമാണെന്നും പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിനെ വീണ്ടും ജീവൻ വെപ്പിക്കാനുള്ള നീക്കം തുടങ്ങുന്നത്. ബാങ്കിന്റെ ഇപ്പോഴത്തെ നിലയിൽ നിന്ന് ശക്തിപ്പെടുത്താനും പ്രതിസന്ധിയിൽ നിന്ന് കരകയറാനും തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും യോഗത്തിൽ നിർദേശം നൽകി.
50 ശതമാനം തുക നിക്ഷേപകർക്ക് അടിയന്തരമായി വിതരണം ചെയ്യാനാണ് ആലോചന. ഇതിനായുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിനാണ് നേതാക്കൾ തന്നെ രംഗത്തിറങ്ങുന്നത്. റവന്യൂ റിക്കവറി നടപടികൾ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാനാണ് ലക്ഷ്യം. വിവാദങ്ങൾക്കിടയിലും 110 കോടിയുടെ സ്ഥിര നിക്ഷേപം പുതുക്കാനായത് ആശ്വാസകരമെന്നാണ് പാർട്ടി വിലയിരുത്തൽ.
കരുവന്നൂരിൽ കരകയറാൻ തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും യോഗത്തിൽ നിർദേശിച്ചു. രണ്ട് റിപ്പോർട്ടിങ്ങുകളായിരുന്നു നടത്തിയത്. രാവിലെ 11ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞ് നാലിന് ഇരിങ്ങാലക്കുടയിലുമായിരുന്നു റിപ്പോർട്ടിങ്ങുകൾ. 10 ഏരിയാ കമ്മിറ്റികളുടെ തൃശൂരിലും ഏഴെണ്ണത്തിൻറേത് ഇരിങ്ങാലക്കുടയിലുമായിരുന്നു. ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ വരെയുള്ളവരാണ് പങ്കെടുത്തത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി എംഎം വർഗീസ് എന്നിവരാണ് രാഷ്ടീയ വിശദീകരണം നടത്തിയത്.