ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 15കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടിയെന്ന് പോലീസ്. പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ ഭരത് സോണി എന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചു. പ്രതി പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തി. സംഭവസ്ഥലത്ത് നിന്ന് പെൺകുട്ടി ധരിച്ച വസ്ത്രങ്ങൾ വീണ്ടെടുക്കാനായെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് കൈയിനും കാലിനും പരിക്കേറ്റെന്നും ഇൻസ്പെക്ടർ അജയ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉജ്ജയിൻ സ്വദേശിയാണ് പ്രതി.
പെൺകുട്ടി ഒറ്റയ്ക്ക് നടക്കുന്നത് കണ്ടതിനെ തുടർന്നാണ് ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചത്. പെൺകുട്ടി ചികിത്സയിൽ സുഖം പ്രാപിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിയുടെ ഓട്ടോയിൽ രക്തക്കറ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസമാണ് കൗമാരക്കാരി ക്രൂരബലാത്സംഗത്തിനിരയായത്. ബലാത്സംഗത്തിനിരയായ പെൺകുട്ടി വീടുകളിൽ സഹായത്തിനായി അർധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വീഡിയോ പുറത്തായതോടെയാണ് സംഭവം വാർത്തയായത്.
പെൺകുട്ടിയെ പിന്നീട് വൈകുന്നേരത്തോടെ ബോധമില്ലാത്ത അവസ്ഥയിൽ കണ്ടെത്തുകയും ഗുരുതര പരിക്കുകളുടെ ചികിത്സക്കായി ഇൻഡോറിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവായി, രക്തമൊലിപ്പിച്ച് ഏകദേശം രണ്ടര മണിക്കൂറോളം സംവ്രഖേഡി സിംഹസ്ത ബൈപാസിലെ റെസിഡൻഷ്യൽ കോളനികളിൽ പെൺകുട്ടി സഹായത്തിനായി അലഞ്ഞു.
എന്നാൽ, കുട്ടിയെ സഹായിക്കാനോ പൊലീസിൽ വിവരമറിയിക്കാനോ ആരും മുന്നോട്ടുവന്നില്ല. പരിക്കേറ്റ നിലയിൽ 8 കിലോമീറ്ററാണ് പെൺകുട്ടി നടന്നത്. ബദ്‌നഗർ റോഡിലെ ദണ്ഡി ആശ്രമത്തിന് സമീപമാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് സന്ന്യാസിയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 12കാരി ബലാത്സംഗത്തിനിരയായ സംഭവം ഇന്ത്യയെ ഞെട്ടിക്കുന്നതാണെന്നും രാജ്യം മുഴുവൻ മധ്യപ്രദേശിലെ പെൺമക്കളുടെ അവസ്ഥയിൽ ലജ്ജിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.