പാലക്കാട് ∙ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ഇ.ഡിയെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുന്നുവെന്നു സിപിഎമ്മും മുഖ്യമന്ത്രിയും ആവർത്തിച്ച് ആരോപിക്കുന്നതിനിടെ ക്രമക്കേടുകൾക്കെതിരെ സഹകരണ അദാലത്തുമായി ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശനുസരിച്ചാണു സഹകരണ ബാങ്കുകളും സംഘങ്ങളും സംബന്ധിച്ച നിക്ഷേപകരുടെ പരാതികളും ഇടപാടുകളിലെ ആക്ഷേപങ്ങളും സ്വീകരിക്കാൻ സഹകാരികളെ പങ്കെടുപ്പിച്ചുള്ള അദാലത്ത് എന്നാണു സൂചന. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് ഇതിനകം ഗൗരവമുള്ള പരാതികൾ ലഭിച്ചതായി പാർട്ടി നേതൃത്വം പറയുന്നു. ഒക്ടോബർ അവസാനത്തോടെ മുഴുവൻ ജില്ലകളിലും അദാലത്തിനു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ബിജെപി നേതൃയോഗം തീരുമാനിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനാണു ചുമതല. കൊല്ലം, ആലപ്പുഴ, വയനാട്, പാലക്കാട്, കോഴിക്കോട്, ഇടുക്കി, കണ്ണൂർ ജില്ലകളിലെ ചില ബാങ്കുകളിലെ ഇടപാടുകളിൽ സംശയം പ്രകടിപ്പിച്ചുള്ള കത്തുകൾ ലഭിച്ചതായി നേതാക്കൾ സൂചിപ്പിച്ചു. സിപിഎം പ്രവർത്തകരുടെ പരാതികളുമുണ്ടെന്ന് അവർ അവകാശപ്പെടുന്നു.