കല്‍പ്പറ്റ: വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ പതിനാലു വയസുകാരനെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. എ.ഐ സാങ്കേതികവിദ്യ വഴി തയ്യാറാക്കിയ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ എക്കൗണ്ട് നിര്‍മ്മിച്ച് വിദ്യാര്‍ത്ഥി പ്രചരിപ്പിച്ചിരുന്നതായും വിദ്യാര്‍ഥിനികളെ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതി ലഭിച്ച് ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് 14 വയസുകാരനാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.