അമൃത്സർ : അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായി ബിക്രം സിങ് മജീദിയയെ പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു മത്സരിക്കുന്ന മണ്ഡലമാണിത്. സിദ്ദുവിനെതിരെ അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത ശത്രുവിനെ തന്നെ അകാലിദൾ നിർത്തിയതോടെ അമൃത്സർ ഈസ്റ്റ് പഞ്ചാബിലെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറും. സിദ്ദുവിനെതിരെ പാർട്ടി ബിക്രമിനെ മത്സരിപ്പിക്കുന്നതോടെ സിദ്ദു മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനവുമാകും ഇത് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ പറഞ്ഞു. മുൻ മന്ത്രികൂടിയായ ബിക്രം സിങ് മജീദിയ നിലവിലെ മജിത എംഎൽഎയാണ്. ഇവിടെ നിന്ന് തുടർച്ചയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമൃത്സർ ജില്ലയിൽ തന്നെയുള്ളതാണ് മജിത മണ്ഡലം.
ഇപ്പോൾ മത്സരിക്കാനിരിക്കുന്ന അമൃത്സർ ഈസ്റ്റ് സിദ്ദു ദമ്പതിമാരുടെ കോട്ടയായിട്ടാണ് കണക്കാക്കപ്പെടുന്നത്. അകാലിദൾ അധികാരത്തിലിരുന്ന സമയത്താണ് സിദ്ദുവും മജീദിയയും തമ്മിൽ ശത്രുത ആരംഭിച്ചത്. അമൃത്സർ ഈസ്റ്റിൽ സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ എംഎൽഎ ആയപ്പോൾ ശത്രുത മൂർച്ഛിച്ചു. പരസ്പരം കുത്തുന്ന പ്രസതാവനകളും വാക്കുകളുമായി ഇരുവരും പഞ്ചാബ് നിയമസഭയിലും പുറത്തും ഏറ്റുമുട്ടി. മയക്കുമരുന്ന് കള്ളക്കടത്ത് പ്രതിയായ മജീദിയക്കെതിരെ സിദ്ദു അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബാദൽ മജീദിയയെ അമൃത്സർ ഈസ്റ്റിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മജീദിയയെ മജാ മേഖലയുടെ ജനറൽ എന്നാണ് അകാലിദൾ വിളിക്കുന്നത്. മയക്കുമരുന്ന് കേസിൽ മജീദിയയുടെ മുൻകൂർ ജാമ്യാപേക്ഷ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.