പത്തനംതിട്ട നിരണം പഞ്ചായത്ത് ഭരണം എൽഡിഎഫിന്. യുഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. സിപിഐഎമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.
നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പുറത്ത് പോയ മുൻ പ്രസിഡന്റ് കെപി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല അതേടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരിൽ ഒരാൾ കൂടി എൽഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. കൊല്ലം ജില്ലയിൽ ബിജെപി ഭരണമുള്ള ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കൽ. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒൻപതും എൽഡിഎഫിന് ആറും യുഡിഎഫിന് എട്ടുമായിരുന്നു കക്ഷി നില. ഭരണത്തിന്‍റെ പിടിപ്പികേടും അഴിമതിയും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസമാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽഡിഎഫ് പിന്തുണയോടെ പാസായത്.
വികസന മുരടിപ്പിന്‍റെ പേരിൽ എൽഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ താഴയിറക്കിയ കോൺഗ്രസ്, ബിജെപി പിന്തുണയോടെ തന്നെ ഒടുവിൽ അധികാരത്തിലെത്തി എന്നതാണ് ഏറ്റവും രസകരമായ സംഭവം.