തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നോട്ട് നിരോധന സമയത്ത് സഹകരണബാങ്കുകൾ വഴി നടന്ന കള്ളപ്പണം വെളുപ്പിക്കൽ ന്യായീകരിക്കാൻ ഒരുമിച്ച് സമരം ചെയ്തവരാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിലെ സഹകരണ ബാങ്കുകൾ രണ്ടു കൂട്ടർക്കും തട്ടിപ്പ് നടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ഇടങ്ങളായത് കൊണ്ട് കേന്ദ്ര ഏജൻസികളെ തടയേണ്ടത് ഇവരുടെ പൊതു ആവശ്യമാണ്.
മലപ്പുറം എആർ നഗർ സഹകരണബാങ്കിലെ തട്ടിപ്പിന് പിന്നിൽ മുസ്ലിംലീഗാണെങ്കിൽ കരുവന്നൂരിൽ അത് സിപിഎമ്മാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. ലീഗുകാർ ചന്ദ്രിക പത്രത്തിൻ്റെ പേരിൽ 10 കോടി വെളുപ്പിച്ചത് സിപിഎമ്മുകാരുടെ സഹകരണ ബാങ്കിലായിരുന്നുവെന്നതിൽ തന്നെ അന്തർധാര വ്യക്തമാണ്. കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഒരേ മാസപ്പടി പുസ്തകത്തിലെ പേരുകാരാണ്. പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിം കുട്ടിയെ രക്ഷിച്ചത് ഇടത് സർക്കാരാണ്. കോൺഗ്രസ് ഭരിക്കുന്ന 200 ൽ അധികം ബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലുകളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. പാവപ്പെട്ട കർഷകരുടേയും ഓട്ടോ തൊഴിലാളികളുടേയും കൂലി പണിക്കാരൻ്റെയും ചോര നീരാക്കിയ പണം കൊള്ളയടിക്കാൻ ഇനിയും ഇരു മുന്നണികളെയും അനുവദിക്കില്ല. ഇരകൾക്ക് നീതി ലഭിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.