സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടി ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. അതിന്റെ പേരിലുണ്ടാകുന്ന പൊല്ലാപ്പുകളും അപകടങ്ങളും ചില്ലറയല്ല. അതുപോലെ യുപിയിൽ നിന്നും തികച്ചും അസ്വസ്ഥാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്. യുപിയിലെ അംരോഹ ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപികമാർ വിദ്യാർത്ഥികളെ തങ്ങളുടെ വീഡിയോകൾ ലൈക്ക് ചെയ്യാൻ നിർബന്ധിക്കുകയാണത്രെ.
അധ്യാപികമാർ സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറിയിലും ഒക്കെ റീൽസ് ഷൂട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറിയിലും റെക്കോർഡ് ചെയ്യുന്ന ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അത് ലൈക്ക് ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാണ് പരാതി. അത്തരത്തിൽ ഒരു അക്കൗണ്ടാണ് ‘RaviPooja’. ക്ലാസിലായിരിക്കുമ്പോഴും ചില അധ്യാപകർ വീഡിയോ ഷൂട്ട് ചെയ്യാറുണ്ട് എന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
ഇനി വിദ്യാർത്ഥികൾ അത് ലൈക്ക് ചെയ്യാൻ തയ്യാറായില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തുന്നു എന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും നിർബന്ധിക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഒടുവിൽ ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നത്രെ. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ ഗംഗേശ്വരി ആരതി ഗുപ്തയാണ് പരാതി അന്വേഷിക്കുന്നത്.
“ടീച്ചർ സ്‌കൂളിൽ വച്ച് റീലുകൾ റെക്കോർഡ് ചെയ്യുകയും അവ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും നിർബന്ധിക്കുകയുമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങളെ തല്ലുമെന്ന് ഭീഷണിപ്പെടുത്താറും ഉണ്ട്” എന്ന് അന്നു എന്ന വിദ്യാർത്ഥി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു വിദ്യാർത്ഥിയായ മനീഷ പറയുന്നത് ഒരു ടീച്ചർ തന്നോട് അവർക്ക് വേണ്ടി ചായ ഉണ്ടാക്കാനും പാത്രം കഴുകാനും പറഞ്ഞു എന്നാണ്.