തിരുവനന്തപുരം: എൻ.ഡി.എക്കൊപ്പം പോകാനുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം തങ്ങളില്ലെന്ന് അറിയിച്ച് ജെ.ഡി.എസ് സംസ്ഥാന ഘടകം. പാർട്ടി അധ്യക്ഷൻ ദേവഗൗഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജെ.ഡി.എസ് കേരള ഘടകം നിലപാട് വ്യക്തമാക്കിയത്. മാത്യു ടി തോമസ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അറിയിപ്പ്.
ഒക്ടോബർ എഴിന് യോഗം ചേർന്ന് ഭാവി പരിപാടികൾ ജെ.ഡി.എസ് ആലോചിക്കും. ദേശീയനേതൃത്വം എൻ.ഡി.എക്കൊപ്പം പോയതിന് പിന്നാലെ എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തോട് സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതാക്കൾ ബംഗളൂരുവിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
കൂറുമാറ്റ നിരോധനനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രുപീകരിക്കാനാവില്ല. ഈയൊരു സാഹചര്യത്തിൽ ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ, എൽ.ജെ.ഡി ആർ.ജെ.ഡിയിൽ ലയിച്ച സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കുറവാണ്. നിതീഷ് കുമാറിനൊപ്പം പോകണമെന്നും പാർട്ടിയിൽ ആവശ്യമുയർന്നിട്ടുണ്ട്. അടിക്കടി നിലപാട് മാറ്റുന്ന നിതീഷ് കുമാറുമായുള്ള സഹകരണം വേണ്ടെന്നാണ് പാർട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്.പിയോടൊപ്പം പോകാനാണ് നിലവിൽ ജെ.ഡി.എസ് കേരള ഘടകം ആലോചിക്കുന്നതെന്നാണ് സൂചന.