ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ജംഗ്‌പുരയിലെ ജ്വല്ലറി മോഷണത്തിൽ 25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഛത്തീസ്ഗഢിൽ നിന്നുള്ള ലോകേഷ് ശ്രീവാസ് എന്ന എന്നയാളാണ് കവർച്ച നടത്തിയത്. ഡൽഹിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ജ്വല്ലറി കവർച്ചയാണിതെന്ന് പൊലീസ് അറിയിച്ചു. ചാന്ദ്‌നി ചൗക്കിൽ നിന്ന് 100 രൂപക്ക് ഒരു ചുറ്റികയും ഒരു ടൂൾ ബോക്സും വാങ്ങി ഉപയോഗിച്ചാണ് കവർച്ച നടത്തിയത്.
ലോകേഷിന്‍റെ കൈയിൽ നിന്ന് 100 രൂപ ചുറ്റിക, 1300 രൂപ ഡിസ്‌ക് കട്ടർ എന്നിവ പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ലോകേഷ് ഇപ്പോൾ ബിലാസ്പൂർ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ ഉപയോഗിച്ച ഉപകരണങ്ങൾ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വാങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സമീപത്തെ കെട്ടിടത്തിൽ നിന്ന് ഭോഗൽ ഏരിയയിലെ ഉംറാവു ജ്വല്ലറിയിൽ ഇയാൾ അതിക്രമിച്ചു കയറിയത്. രാത്രി മുഴുവൻ അവിടെ തങ്ങി ആഭരണങ്ങൾ മോഷ്ടിച്ച് സ്‌ട്രോങ്‌റൂമിലെത്തി. സി.സി.ടി.വി ക്യാമറകൾ വിച്ഛേദിച്ചും സ്‌ട്രോങ്‌റൂം തകർത്ത നിലയിലുമായിരുന്നു. നാലുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് അകത്ത് കടന്ന മോഷ്ടാവ് സ്‌ട്രോങ്‌റൂം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു ഡ്രിൽ ഉപയോഗിച്ച് സ്ട്രോങ്റൂം ഭിത്തിയിൽ ഒരു ദ്വാരം ഉണ്ടാക്കിയാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. അതിനാൽ കൃത്യമായി ആസൂത്രണം ചെയ്ത കവർച്ചയാണിതെന്നും പൊലീസ് പറഞ്ഞു.
സെപ്തംബർ 21 മുതൽ 24 വരെ ചാന്ദ്‌നി ചൗക്കിലെ രാജധാനി ഗസ്റ്റ് ഹൗസിൽ ലോകേഷ് താമസിച്ചിരുന്നു. കവർച്ച നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ഇയാളുടെ ഫോൺ പൊലീസ് ട്രാക്ക് ചെയ്തത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.