ലഖ്നോ: മാനസിക പ്രയാസം നേരിടുന്ന സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ച് ഉത്തർപ്രദേശ് പൊലീസ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം.
രണ്ട് വനിത പൊലീസുകാർ ചേർന്ന് സ്ത്രീയെ റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ എതിർപ്പ് പ്രകടിപ്പിച്ച യുവതിയെ ഉദ്യോഗസ്ഥർ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
ശനിയാഴ്ചയാണ് പ്രമീള എന്ന സ്ത്രീയെ പൊലീസുകാർ എസ്.പി ഓഫിസിന്‍റെ മുന്നിലൂടെ വലിച്ചിഴച്ചത്. പ്രമീള ഏറെ നാളായി ഭർത്താവുമായി തർക്കത്തിലായിരുന്നു. ഇതേപ്പറ്റി പരാതി നൽകാനാണ് എസ്.പി ഓഫിസിലെത്തുന്നത്.
പരാതി നൽകുന്നതിന് പകരം ഓഫീസിെൻറ മതിൽ കയറാൻ ശ്രമിക്കുകയായിരുന്നുവെന്നും അതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. എന്നാൽ മനുഷത്വരഹിതമായ പ്രവൃത്തിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും എസ്.പി അറിയിച്ചു.