ലണ്ടൻ : മുഴുവൻ വാക്സിനുമെടുത്ത ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികൾ രാജ്യത്തേക്ക് വരുമ്പോൾ കോവിഡ് പരിശോധനാഫലം കയ്യിൽ കരുതേണ്ടതില്ലെന്ന് യു.കെ സർക്കാർ. അടുത്തമാസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരിക. ഗതാഗതവകുപ്പും ആരോഗ്യവകുപ്പും സാമൂഹിക പരിപാലന വകുപ്പും ചേർന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. ഫെബ്രുവരി 11-ന് പുലർച്ചെ 4 മണി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഇപ്പോൾ സഞ്ചാരികൾക്ക് ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം ആവശ്യമാണ്. വാക്സിനേഷൻ മുഴുവൻ ഡോസും എടുത്തിട്ടില്ലാത്തവർ ജനുവരി 24-ന് പ്രഖ്യാപിച്ച മാറ്റങ്ങൾ അനുസരിച്ച്, യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയും പിസിആർ പരിശോധനയും നടത്തണം. അല്ലെങ്കിൽ യു.കെയിൽ എത്തി രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്താം.
ഫലം പോസിറ്റീവാണെങ്കിൽ മാത്രം സ്വയം നിരീക്ഷണത്തിൽ പോവുക. രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾക്ക് ഇംഗ്ലണ്ടിലെ 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അവരുടെ വാക്സിനേഷൻ നിലയോ അല്ലെങ്കിൽ മുമ്പ് രോഗം ബാധിച്ചിരുന്നു എന്നുള്ളതിന്റെയോ തെളിവ് ഡിജിറ്റൽ എൻ.എച്ച്.എസ് കോവിഡ് പാസിന്റെ രൂപത്തിൽ ഹാജരാക്കാം. ഫെബ്രുവരി 3 മുതലാണ് ഈ പാസ് അനുവദിക്കുക. യാത്രാ നയത്തിലെ മാറ്റങ്ങൾ ഫെബ്രുവരി പകുതിക്ക് മുമ്പായി പ്രാബല്യത്തിൽ വരും. യുകെയിലെ ബൂസ്റ്റർ പ്രോഗ്രാം വൻവിജയമായിരുന്നു.