ഹാങ്ചോ: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ മലയാളിത്തിളക്കം. ലോങ്ജമ്പിൽ എം. ശ്രീശങ്കർ വെള്ളി നേടിയപ്പോൾ 1500 മീറ്ററിൽ ജിൻസൻ ജോൺസന് വെങ്കലം ലഭിച്ചു. അവസാന അവസരത്തിൽ 8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിയിലേക്ക് കുതിച്ചത്. അതേസമയം, 2018ലെ സ്വർണ മെഡൽ ജേതാവായ ജിൻസൻ ജോൺസൻ 3.39.74 സമയം കൊണ്ടാണ് 1500 മീറ്റർ ഫിനിഷ് ചെയ്തത്.
3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ അവിനാശ് സാബ് ലെയിലൂടെ അത്‍ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം ലഭിച്ചതിന് പിന്നാലെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂറും സ്വർണനേട്ടത്തിലെത്തി. നിലവിലെ ചാമ്പ്യന്‍ കൂടിയായ തേജീന്ദര്‍പാല്‍ സിങ് 20.36 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ അജയ്കുമാർ വെള്ളി നേടിയപ്പോൾ തൊട്ടുപിന്നിലാണ് മലയാളി താരം ജിൻസൻ ജോൺസൻ ഫിനിഷ് ചെയ്തത്. വനിതകളുടെ 1500 മീറ്ററിൽ ഹർമിലൻ ബെയ്ൻസ് വെള്ളി നേടി. വനിതകളുടെ ഹെപ്റ്റാത്തലോണിൽ നന്ദിനി അഗസാരയും ഡിസ്കസ് ത്രോയിൽ സീമ പുനിയയും വെങ്കലം നേടി.
നിലവിൽ 13 സ്വർണവും 19 വെള്ളിയും 20 വെങ്കലവും സഹിതം ഇന്ത്യൻ മെഡൽ നേട്ടം 52 ആയി.