തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യം മുഴുവൻ നടപ്പാക്കിയ ഏകീകൃത സോഫ്റ്റ്വെയർ കേരളത്തിൽ നടപ്പാക്കാത്തതിന് എന്ത് ന്യായീകരണമാണ് സംസ്ഥാന സർക്കാറിനുള്ളതെന്ന് എം.ടി. രമേശ് ചോദിച്ചു.
20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ കർശന നിബന്ധനകൾക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളിൽ പാൻകാർഡ് നിർബന്ധമാക്കാത്തത്. ഇക്കാര്യം മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
നിയമവിരുദ്ധ ഇടപാടുകൾക്ക് സംസ്ഥാന സർക്കാറും സി.പി.എമ്മും കൂട്ടുനിൽക്കുകയാണ്. അതുകൊണ്ടാണ് ആരും അറിയാതെ കോടികൾ നിക്ഷേപിക്കാൻ സാധിക്കുന്നത്. ബാങ്കിങ് നിയമങ്ങൾ പാലിക്കാതെ ഞങ്ങൾ സൊസൈറ്റിയാണെന്ന് പറഞ്ഞ് വളഞ്ഞ വഴിയിലൂടെ പോവുകയാണ് സംസ്ഥാനം.
ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സർക്കാർ ഇപ്പോൾ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പിന്‍റെ കടം വീട്ടുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.
തൃശൂരിൽ സുരേഷ്ഗോപിക്ക് ഇ.ഡി വഴിയൊരുക്കുകയാണെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. ബി.ജെ.പിയുടേയല്ല തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്നും എം.ടി. രമേശ് ചൂണ്ടിക്കാട്ടി.