ഇംഫാൽ ∙ മണിപ്പുരിലെ 2 മെയ്തെയ് വിദ്യാർഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ സിബിഐ പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയുമാണു ചെയ്തത്. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇംഫാലിൽനിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പുരില്‍ പ്രതികളെ പിടികൂടിയത്. ഇക്കാര്യം മുഖ്യമന്ത്രി എൻ.ബിരേൻ സിങ് എക്സ് പ്ലാറ്റ്ഫോമിൽ സ്ഥിരീകരിച്ചു.
ജൂലൈ ആറിനാണ് 17 ഉം 21 ഉം വയസ്സുള്ള രണ്ടു വിദ്യാർഥികളെ കാണാതായത്. പിന്നീട് ഇവർ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. എന്നാൽ കൊലപാതകം നടന്നത് എന്നാണെന്നു വ്യക്തമല്ല. കൊലപാതകത്തിനു മുൻപും ശേഷവുമുള്ള ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു. ഹിജാം ലിൻതോയിങാബി എന്ന വിദ്യാർഥിനിയും സുഹൃത്ത് ഫിജാം ഹേമജിത്തും ആയുധധാരികളായ 2 പേരുടെ സാന്നിധ്യത്തിൽ പേടിച്ചരണ്ടിരിക്കുന്ന ചിത്രവും ഇരുവരും മരിച്ചുകിടക്കുന്ന ചിത്രവുമാണു പ്രചരിച്ചത്.
കുക്കി ഭീകരരാണു കൊലയ്ക്കു പിന്നിലെന്നായിരുന്നു മെയ്തെയ് സംഘടനകളുടെ ആരോപണം. എന്നാൽ ചിത്രം കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു കുക്കി നേതാക്കൾ ആരോപിച്ചത്. മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുരിലാണ് വിദ്യാർഥികളെ അവസാനം കണ്ടതെന്നും കൊലയ്ക്കുപിന്നിൽ കുക്കികൾ അല്ലെന്നുമായിരുന്നു ഇവരുടെ വിശദീകരണം. ജൂലൈ 6നു ബിഷ്ണുപുരിലെ നംബോലിൽ ഇരുവരും ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.