ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീംകോടതി ഈ മാസം വിധി പറഞ്ഞേക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് ഹരജികളിൽ വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്ലി, പി.എസ്. നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ജസ്റ്റിസ് എസ്.ആർ. ഭട്ട് ഒക്ടോബർ 20ന് വിരമിക്കുകയാണ്. ഇതിന് മുമ്പ് കേസിൽ വിധിയുണ്ടാകുമെന്ന് നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് ആക്ടിവിസ്റ്റുകൾ, സംഘടനകൾ തുടങ്ങിയവർ നൽകിയ 20 ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രിൽ 18 മുതൽ വാദം കേൾക്കാൻ തുടങ്ങിയ കോടതി മേയ് 11ന് കേസ് വിധി പറയാനായി മാറ്റിയിരുന്നു.
വിഷയത്തിൽ കോടതി കേന്ദ്ര സർക്കാറിനോടും, കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പാർലമെന്‍റാണ് ഈ വിഷയത്തിൽ നിയമനിർമാണം നടത്തേണ്ടത് എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. അതേസമയം, നിയമസാധുത നൽകാതെ തന്നെ ഏതാനും അവകാശങ്ങൾ സ്വവർഗ ദമ്പതികൾക്ക് നൽകാൻ തയാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു.