ലഖ്നോ: ഇൻസ്റ്റഗ്രാം റീൽ എടുക്കുന്നതിനിടെ കൗമാരക്കാരൻ ട്രെയിനിടിച്ച് മരിച്ചു. ഫർഹാൻ എന്ന 16കാരനാണ് മരിച്ചത്. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ഫർഹാന്‍റെ സുഹൃത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തവേയായിരുന്നു അപകടം. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഉത്തർപ്രദേശിലെ ജഹാംഗിരാബാദിലെ തേരാ ദൗലത്പൂരിൽ താമസിക്കുന്ന ഫർഹാൻ സുഹൃത്തുക്കളായ ഷുഐബ്, നാദിർ, സമീർ എന്നിവരോടൊപ്പം സമീപത്തുള്ള ഒരു ഘോഷയാത്ര കാണാൻ പോകുന്ന വേളയിലാണ് അപകടം സംഭവിച്ചത്. ട്രാക്കിൽ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വേഗതയിൽ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ വർഷമാദ്യം ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ കോളജ് വിദ്യാർഥി സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ വീണു മരിച്ചിരുന്നു. ജൂലൈയിൽ കർണാടകയിൽ മഴക്കെടുതിയുണ്ടായ ഉഡുപ്പി ജില്ലയിൽ ഒരു ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.