ലഖ്നോ: മഹാത്മാഗാന്ധി മുന്നോട്ടുവെച്ച അഹിംസയുടെ സന്ദേശമാണ് ജനാധിപത്യത്തിന്‍റെ കരുത്തെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തിൽ ആദരമർപ്പിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.”ലോകത്തിന് അഹിംസയുടെ പാത പരിചയപ്പെടുത്തിയത് ബാപ്പുജിയാണ്. ജനാധിപത്യ തത്വങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ലോകത്തിലെ വൻ ശക്തികളെ പോലും കീഴടക്കാൻ സാധിക്കുമെന്ന് ബാപ്പു നമുക്ക് കാണിച്ചുതന്നു. അഹിംസയും, സത്യവും പിന്തുടർന്ന് സ്വേച്ഛാധിപത്യ ബ്രിട്ടീഷ് ഭരണത്തെ രാജ്യത്ത് നിന്നും തുരത്തിയോടിക്കാൻ അദ്ദേഹത്തിന് സാധിച്ചു” – യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും തദ്ദേശസ്താപനങ്ങളിലും നടക്കുന്ന സ്വച്ഛാൻജലി പരിപാടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നും യോഗി പറഞ്ഞു.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്കും അദ്ദേഹം പുഷ്പാഞ്ജലിയർപ്പിച്ചിരുന്നു. ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യം വിളിക്കുകയും സുരക്ഷക്കൊപ്പം സാശ്രയത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ശാസ്ത്രി, ഗാന്ധിയുടെ അനുയായിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.