കൊച്ചി > പൊതുജന ആരോഗ്യ സംവിധാനത്തിന് എത്രമാത്രം പ്രാധാന്യം നൽകി കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്‌പെഷാലിറ്റി ബ്ലോക്കും സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന് അനുമതി ലഭിച്ചത്. ആ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ഇന്ന് ഹൃദയ ശസ്ത്രക്രിയകൾ നടക്കുന്നു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. ആധുനിക ചികിത്സാരംഗത്ത് മികച്ച മുന്നേറ്റങ്ങളുമായാണ് എറണാകുളം ജനറൽ ആശുപത്രി മുന്നോട്ടുപോകുന്നത്. 24 മണിക്കൂറിനുള്ളിൽ 25 ഹെർണിയ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ശ്രദ്ധ നേടാൻ ആശുപത്രിക്ക് കഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള ഔദ്യോഗിക അനുമതി നേടാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ദരിദ്രരിൽ ദരിദ്രരായവരുടെ മുഖം കണ്ടുകൊണ്ട് പ്രവർത്തിക്കുക എന്ന ഗാന്ധിജിയുടെ വാക്കുകൾ പോലെ ആ മുഖങ്ങൾ കണ്ടുകൊണ്ടാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവുകളാണ് ജനറൽ ആശുപത്രിയിലെ ഈ പ്രവർത്തനങ്ങൾ. കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും കൊച്ചി കാൻസർ സെന്ററും നിർമ്മാണം പൂർത്തിയായി ഈ വർഷം തന്നെ നാടിന് സമർപ്പിക്കും. ലോകത്ത് ആദ്യമായി വെന്റിലേറ്ററിൽ വരെയെത്തിയ നിപ്പാ രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നമ്മുടെ ചികിത്സാ സംവിധാനത്തിലൂടെ സാധിച്ചു. ഇതിനായി പ്രവർത്തിച്ച ആരോഗ്യവകുപ്പ് അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതി വഴി കൊച്ചി നഗരത്തിൽ ഇലക്ട്രിക് ബസുകളുടെ സേവനം ഉറപ്പാക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തിലൂടെ നഗരപരിധിയിലെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിക്കും. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പുനർനിർമ്മിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇതിനായുള്ള പ്രവർത്തനങ്ങളും സ്മാർട്ട് സിറ്റി പദ്ധതി വഴി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.