ന്യൂഡൽഹി: കർണാടകയിലെ ശിവമൊഗ്ഗയിൽ സാമുദായിക സംഘർഷത്തെ തുടർന്ന് തിങ്കളാഴ്ച കർഫ്യൂ ഏർപ്പെടുത്തി. കല്ലേറ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ തുടരാതിരിക്കാൻ ജില്ലാ ഭരണകൂടം തിങ്കളാഴ്ച 144 ഏർപ്പെടുത്തിയത്.നബി ദിനാഘോഷ റാലിക്കു നേരെയുണ്ടായ കല്ലേറിൽ കുപിതരായ ജനക്കൂട്ടം ഏതാനും വീടുകൾക്കും വാഹനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഏതാനും പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശിവമൊഗ്ഗയിൽ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് 40 പേരെ അറസ്റ്റ് ചെയ്തതിട്ടുണ്ടെന്നും ഇത്തരം ചെയ്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇതൊരു ചെറിയ കല്ലേറ് കേസ് മാത്രമാണെന്നും പൊലീസ് നിയന്ത്രിച്ചുവെന്നും സംശയിക്കുന്നവെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് പ്രചാരണം നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സെപ്റ്റംബർ 30ന് ഇതേ പ്രദേശത്ത് നബിദിനാഘോഷ ജാഥയുടെ ഭാഗമായി സ്ഥാപിച്ച കട്ടൗട്ടിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.