ഇംഫാൽ> മണിപ്പുരിലെ ഇന്റർനെറ്റ് നിരോധനം സർക്കാർ ഒക്ടോബർ ആറുവരെ നീട്ടി. സെപ്തംബർ 26നാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയത്. മെയ്‌തി വിഭാഗക്കാരായ രണ്ട് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്‌റ്റുചെയ്ത് സിബിഐക്ക് കൈമാറിയതിന് പിന്നാലെയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്.
അതേസമയം അറസ്‌റ്റിലായ നാലുപേരെയും വിമാനമാർഗം ഗുവാഹത്തിയിലേക്ക് മാറ്റി. മെയ്‌തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് അറസ്‌റ്റിലായിട്ടുള്ളത്. ചോദ്യംചെയ്യുന്നതിനായി കസ്‌റ്റഡിയിൽ എടുത്തിട്ടുള്ള വിദ്യാർത്ഥികൾ പെൺകുട്ടികളാണ്. പോമിൻലുൻ ഹാവോകിപ്, മൽസോൺ ഹാവോകിപ്, ലിങ്‌നിചോങ് ബെയ്‌തെ, തിന്നെഖോൽ എന്നിവരാണ് അറസ്‌റ്റിലായത്.
കേന്ദ്രസേനയുടെയും പൊലീസിന്റെയും സംയുക്ത നീക്കത്തെ തുടർന്നാണ് അറസ്‌റ്റ്. നാലുപേരെയും റോഡുമാർഗം വേഗത്തിൽ വിമാനതാവളത്തിൽ എത്തിച്ചു. അവിടെ കാത്തുനിന്ന സിബിഐ സംഘത്തിന് കൈമാറി. അടുത്ത വിമാനത്തിൽ തന്നെ അറസ്‌റ്റിലായവരുമായി സിബിഐ സംഘം ഗുവാഹത്തിയിലേക്ക് പറന്നു.
തീവ്രവാദബന്ധം ആരോപിച്ച് എൻഐഎ കുകി വിഭാഗത്തിൽപ്പെട്ട ഒരാളെ ചുരചന്ദ്‌പ്പുരിൽ നിന്ന് അറസ്‌റ്റുചെയ്‌തു. ഇയാളെ പിന്നീട് വിമാനമാർഗം ഡൽഹിയിൽ എത്തിച്ചു. ജൂൺ 21 ന് ചുരചന്ദ്‌പ്പുർ– ബിഷ്‌ണുപ്പുർ അതിർത്തിമേഖലയായ ക്വാത്‌കയിൽ ബോംബാക്രമണം നടത്തിയ കേസിലാണ് അറസ്‌റ്റ്. മൂന്നുപേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.