മണിപ്പൂരില്‍ കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന് കുക്കി സംഘടനകള്‍. കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുത്ത കേസുകളില്‍ മാത്രം നടപടിയെടുക്കുന്നെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. രണ്ടു കുട്ടികളുടെ കൊലപാതകത്തില്‍ അഞ്ചു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മേയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അഞ്ചു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ചുരാചന്ദ്പൂരില്‍ കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പവോമിന്‍ലുന്‍ ഹാക്കിപ്പ്, എസ് മല്‍സൗണ്‍ ഹാക്കിപ്, ലിംഗ്നെയ്ചോങ് ബൈറ്റെക്കുകി, ടിന്നൈല്‍ഹിംഗ് ഹെന്‍താങ് എന്നിവരാണ് കൊലപാതകത്തില്‍ അറസ്റ്റിലായത്.
പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആണ് ഇംഫാലില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. 17ഉം 21ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളെ ജൂലൈ 6 ന് ആണ് കാണാതായത്. പിന്നീട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ എന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല, കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.