ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് പലരുടെയും ജീവിതത്തിലെ വില്ലനായി മാറിയിരിക്കുകയാണ്. രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
തലവേദന, നെഞ്ചുവേദന, നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുക, കാഴ്ച മങ്ങല്‍, ക്ഷീണം, തലക്കറക്കം, ഛര്‍ദ്ദി തുടങ്ങിയവ ചിലപ്പോള്‍ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ബിപി ഇടയ്ക്കിടയ്ക്ക് കൂടുന്നവര്‍ വീട്ടില്‍ തന്നെ ഇത് പരിശോധന നടത്തുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
-
ബിപി നോക്കുമ്പോള്‍ രണ്ട് കൈകളിലും നോക്കുക. ഏത് കൈയില്‍ ആണോ ബിപി കൂടുതല്‍ ആ കൈയിലായിരിക്കണം പിന്നീട് ബിപി നോക്കേണ്ടത്.
- രണ്ട്…
- ബിപി ഉപകരണം കൈയിൽ കെട്ടുന്ന ബാന്റിന്റെ നടുഭാഗത്ത് ഒരു ബ്ലാഡർ ഉണ്ട്. ഇതു ഹൃദയത്തിന്റെ നടുഭാഗത്തിന് സമാന്തരമായി വരണം. ഇതിനായി കൈകൾ ഒരു മേശപ്പുറത്ത് വച്ചതിന് ശേഷം ബിപി കഫ് കെട്ടാം.
- മൂന്ന്…
- രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് ചായ, കാപ്പി എന്നിവ കുടിക്കരുത്. പുകവലിയും ഒഴിവാക്കുക.
- നാല്…
- പരിശോധിക്കുന്നതിന് മുമ്പ് ശാന്തമായ അന്തരീക്ഷത്തില്‍ കുറച്ച് മിനിറ്റെങ്കിലും വിശ്രമിക്കുക.
- അഞ്ച്
- കസേരയില്‍ നടുനിവര്‍ത്തി ഇരുന്ന് തന്നെ പരിശോധിക്കണം.
- ആറ്…
- രക്തസമ്മർദ്ദം അളക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഭക്ഷണം, മദ്യം എന്നിവ കഴിക്കരുത്. എന്തെങ്കിലും മരുന്ന് കഴിക്കുന്നവര്‍ അത് കഴിക്കുന്നതിന് മുമ്പ് ബിപി നോക്കണം.
- ഏഴ്…
- വ്യായാമം, കുളി എന്നിവ കഴിഞ്ഞയുടന്‍ തന്നെ ബിപി പരിശോധിക്കരുത്. ബിപി എടുക്കുന്നതിനു അഞ്ച്- പത്ത് മിനിറ്റ് മുമ്പ് വിശ്രമിച്ചിരിക്കണം.
- എട്ട്…
- ബിപി എല്ലാ ദിവസവും ഒരേ സമയം തന്നെ നോക്കണം.
- ഒമ്പത്…
- വസ്ത്രങ്ങളുടെ പുറത്തോടെ പരിശോധന നടത്തരുത്. വസ്ത്രത്തിന് മുകളിൽ ബിപി കഫ് ഇടുന്നത് കൃത്യമായ ഫലം നല്‍കില്ല.
- പത്ത്…
- രക്തസമ്മർദ്ദം പരിശോധിക്കുന്ന സമയത്ത് സംസാരിക്കരുത്.
- പതിനൊന്ന്…
- കൃത്യമായ ഫലം കിട്ടാന്‍ മൂന്ന് തവണ വരെ പരിശോധിച്ചു നോക്കാം.