ദില്ലി: :നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ വേണ്ടെന്ന് ബിജെപി. രാജസ്ഥാനിലും മധ്യപ്രദേശിലും വർഷങ്ങളായി ബിജെപിയുടെ മുഖങ്ങളായ വസുന്ധര രാജെ സിന്ധ്യക്കും ശിവരാജ് സിംഗ് ചൗഹാനും വൻ തിരിച്ചടി കൂടിയാണ് തീരുമാനം. കഴിഞ്ഞ ദിവസത്തെ പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് താമര ചിഹ്നത്തെയായിരുന്നു. രാജസ്ഥാനിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അഭിപ്രായം പരിഗണിക്കാമെന്ന് മാത്രമാണ് വസുന്ധര രാജെ സിന്ധ്യയോട് ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞിരിക്കുന്നത്.
അതേസമയം മധ്യപ്രദേശിലാകട്ടെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ മത്സരിക്കാന്‍ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്ന് പൊതുവേദികളിൽ തന്നെ തുറന്നുപറയുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. എന്നാൽ കോൺഗ്രസാകട്ടെ മധ്യപ്രദേശിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്ന് രാഹുൽ ഗാന്ധി ഒരു വേദിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
രാജസ്ഥാനിൽ കടുത്ത മത്സരമുണ്ടെന്നാണ് കോണഗ്രസിന്റെയും ബിജെപിയുടെയും വിലയിരുത്തൽ. ഇടഞ്ഞു നിന്നിരുന്ന സച്ചിൻ പൈലറ്റിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും അനുനയിപ്പിക്കാനായത് കോൺഗ്രസിന്റെ വിജയമാണ്. സർക്കാരിനെതിരെ പദയാത്ര നടത്തി സമര പ്രഖ്യാപനവുമായി മുന്നോട്ട് പോയ സച്ചിൻ ഒരുഘട്ടത്തിൽ പുതിയ പാർട്ടി ഉണ്ടാക്കുമോയെന്ന സംശയമടക്കം ഉണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കൊടുവിലാണ് അനുനയത്തിന്റെ പാദ സച്ചിൻ സ്വീകരിച്ചത്.