ദില്ലി: വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിലും റെയ്ഡ്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന.
യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ദില്ലി പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്‍റെ X ഹാൻഡിൽ സസ്പെൻഡ് ചെയ്തിരുന്നു. സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഹൈകോടതി മുൻ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖർ കത്തെഴുതിയിരുന്നു.
ന്യൂസ് ക്ലിക്ക് വെബ്സൈറ്റില്‍ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗ നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടാവുന്നതായി വിശദമാക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയില്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.
ദില്ലി പൊലീസ് രാവിലെ നടത്തിയ വ്യാപക റെയ്ഡില്‍ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളുംകസ്റ്റഡിയിലെടുത്തിരുന്നു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായാണ് പൊലീസ് വ്യക്തമാക്കിയത്. റെയ്ഡില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല . ദില്ലിയിലെ റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീ സ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും നടന്നു. ദില്ലി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു.